പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാംപാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. പിഎസ്ജി സ്വന്തം തട്ടകത്തിൽ രാത്രി പന്ത്രണ്ടരയ്‌ക്ക് ബയേൺ മ്യൂണിക്കിനെ നേരിടും. ആദ്യപാദത്തിൽ 3-2ന് പിഎസ്ജി വിജയിച്ചിരുന്നു. കിലിയൻ എംബാപ്പേയുടെ ഇരട്ട ഗോൾ കരുത്തിലും നായകൻ മാർക്കീഞ്ഞോസിൻറെ ഗോളിലുമായിരുന്നു ജയം. ഇരട്ട അസിസ്റ്റുമായി നെയ്‌മറും തിളങ്ങി.

ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്‌സി പോർട്ടോയാണ് ചെൽസിയുടെ എതിരാളികൾ. ആദ്യപാദം എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി സ്വന്തമാക്കിയിരുന്നു. മേസൺ മൗണ്ട്, ചിൽവെൽ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മത്സരവും പന്ത്രണ്ടരയ്‌ക്കാണ്.

നാളെ മാഞ്ചസ്റ്റർ സിറ്റി, ബൊറൂസ്യ ഡോർട്ട്മുണ്ടിനേയും റയൽ മാഡ്രിഡ്, ലിവർപൂളിനേയും നേരിടും. ആദ്യപാദത്തിൽ റയൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. അതേസമയം ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം.

Ref: https://www.asianetnews.com